Pages

Wednesday, June 1, 2011

സൈബര്‍ഫെസ്റ്റ് കണ്ണൂര്‍ -2011

സുഹൃത്തുക്കളെ,
ബ്ലോഗെഴുത്തായും ഫേസ്ബുക്ക്, ഗൂഗിള്‍ ബസ് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ മൈക്രോബ്ലോഗിങ്ങായും മലയാളത്തിന്റെ സൈബര്‍പരിധി അനുനിമിഷം വികസിയ്ക്കുകയാണല്ലോ. മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളെക്കാളും പത്രങ്ങളെക്കാളും ചടുലവും ജനാധിപത്യപരവുമായ ചര്‍ച്ചകള്‍ ഇന്ന് സൈബര്‍ ലോകത്താണ് നടക്കുന്നത്. സൌഹൃദങ്ങളായും സംവാദങ്ങളായും നാം അനേകം പേരെ ഇവിടെ കണ്ടുമുട്ടുന്നു. ഏതാനും അക്ഷരങ്ങളിലും പ്രൊഫൈല്‍ ചിത്രത്തിലുമൊതുങ്ങുന്നു പരസ്പരം നമുക്കുള്ള പരിചയം. പലപ്പോഴും നാമാഗ്രഹിച്ചിട്ടില്ലേ ചിലരെയെങ്കിലും നേരില്‍ കാണണമെന്നും മുഖാമുഖം സൌഹൃദം പങ്കിടണമെന്നും? അതിന്റെ പൂര്‍ത്തീകരണമെന്നോണം കേരളത്തിലും വെളിയിലുമായി പല സ്ഥലങ്ങളിലും സൈബര്‍ കൂട്ടായ്മകള്‍ സംഘടിപ്പിയ്ക്കപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ഇക്കഴിഞ്ഞ “തിരൂര്‍ തുഞ്ചന്‍ പറമ്പ് മീറ്റ്“ വളരെ വിപുലമായ ഒരു സംഗമമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഉത്തര കേരളത്തിലെ ആദ്യത്തെ “സൈബര്‍ സംഗമം“ 2011 സെപ്തംബര്‍ മാസത്തിലെ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയില്‍ കണ്ണൂരില്‍ സംഘടിപ്പിയ്ക്കുന്നതിനെപറ്റി ആലോചനയുണ്ടായത്. ഈ ആലോചനകളും ചര്‍ച്ചകളും സമന്വയിപ്പിച്ച്, ഒരു സംഘാടക സമിതി രൂപീകരിക്കാനും പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും വേണ്ട നടപടികള്‍ക്ക് ആരംഭം കുറിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ബ്ലോഗെഴുത്തുകാര്‍, ഫേസ്ബുക്ക് - കൂട്ടം - ഗൂഗിള്‍ ബസ് - ഓര്‍ക്കുട്ട് - മറ്റു കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയവയിലെ എഴുത്തുകാര്‍, ബ്ലോഗ് വായനക്കാര്‍ ഇവര്‍ക്കെല്ലാം ഒത്തുചേരാനുള്ള ഒരു അവസരമാണ് ഉദ്ദേശിയ്ക്കുന്നത്. ചൂടുപിടിച്ച ചര്‍ച്ചകളൊ പ്രഖ്യാപനങ്ങളോ ഒന്നും ഇതിന്റെ ലക്ഷ്യമല്ല. സൌഹൃദം പങ്കുവെയ്ക്കല്‍ മാത്രം. മുഖ്യമായും കണ്ണൂര്‍ ജില്ലക്കാരുടെ പങ്കാളിത്തമാണ് ലക്ഷ്യമെങ്കിലും മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എല്ലാവരും - പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലക്കാര്‍ - തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: bijukumarkt@gmail.com

ലിങ്കുകള്‍ : ഒന്ന്

1 comment:

  1. സന്തോഷം............ സെപ്റ്റംബറിൽ ഞാൻ നാട്ടിൽ ഉണ്ടാകും... എന്നെ കൂടി കൂട്ടുക.....

    അനീഷ് പുത്തലത്ത്
    blog.aneesh4u.com

    ReplyDelete