Pages

Wednesday, April 20, 2011

“ഈയെഴുത്ത്” ബ്ലോഗ് സുവനീര്‍ വാങ്ങി സഹകരിക്കുക!


മലയാളം ബ്ളോഗിംഗ് ചരിത്രത്തിന്റെ തന്നെ ഭാഗമായ ബ്ളോഗ് സുവനീർ വെളിച്ചം കണ്ടു. തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ്‌ മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്. എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ്‌ ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്.

രണ്ട് മാസത്തോളമായി തുടങ്ങിയ കഠിന പരിശ്രമത്തിന്റെ ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ഞൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു.

250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു. തിരഞ്ഞെടുപ്പ് എന്ന അതിസങ്കീർണ്ണമായ പ്രക്രിയയ്ക്കായ് സുരേഷ്മാഷും കൂട്ടരും ജോലി പോലും മാറ്റി വച്ചു ഇതിനായ് സമയം കണ്ടെത്തി എന്നത് സ്തുത്യർഹമായ കാര്യമാണ്‌. ഏകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ്‌ "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്, പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത. പ്രീപ്രസ്സ് ജോലികൾക്ക് പ്രസ്സുകൾ നല്‍കിയ ക്വട്ടേഷൻ 40000 രൂപയായിരുന്നു. ആ തുകയാണ്‌ ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം സംഘാടകര്‍ക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്. എന്നിട്ടും സൈകതം ബുക്സ് ഏറ്റെടുത്ത പ്രിന്റിംഗ്, വിതരണ ജോലികൾക്ക് ഒരു ലക്ഷത്തിനു മുകളിൽ ചിലവു വന്നു. മറ്റൊരു പ്രധാന സവിശേഷത, പരസ്യങ്ങളുടെ അതിപ്രസരം ഇല്ലാതെ സുഗമമായ വായനാ സൗകര്യം ഒരുക്കുന്നു എന്നുള്ളതാണ്‌.
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ.

ബാക്കിയെല്ലാം ബ്ളൊഗർമാരുടെ സൃഷ്ടികൾ ആണെന്നു പറയാം. പല ബ്ളോഗർമാരും ഈ സംരംഭത്തിന്‌ സാമ്പത്തിക സഹായം നലകിയും സഹകരിച്ചു. അജിത് നീർവിളാകൻ, പകൽക്കിനാവൻ, ഗീതരാജൻ രണജിത്ത് ചെമ്മാട് , കൊട്ടോട്ടിക്കാരൻ തുടങ്ങിയവർ തങ്ങളാലാവും വിധം പണം അഡ്വാൻസ് ആയി തന്ന് ഈ സംരംഭത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി.

സുവനീർ വിതരണം നടത്തുമ്പോൾ ബ്ളോഗർമാർ മനസ്സറിഞ്ഞു തരുന്ന സംഭാവനയിൽ നിന്നു വേണം ബാക്കി പ്രസ്സിലെ തുകയും മറ്റു ബാദ്ധ്യതകളും തിരിച്ചു നൽകാൻ. സൈകതം ബുക്സിന്റെ പ്രവർത്തകരായ ജസ്റ്റിൻ ജേക്കബും, നാസർ കൂടാളിയും ഈ സംരംഭത്തോട് എല്ലാ രീതിയിലും സഹകരിക്കുകയും ഇതിന്റെ വിജയത്തിനായി സമയം കണ്ടെത്തുകയും ചെയ്തു എന്ന് എടുത്ത് പറയേണ്ടതുണ്ട്.

മാത്രവുമല്ല ഇത്രയം ബൃഹത്തായ ഒരു സംരംഭം ക്രമീകരിച്ചത്, ഇതിന്റെ പിന്നണി പ്രവർത്തകർ പരസ്പരം കാണാതെയാണ്‌ എന്നതാണ്‌ രസകരം. പുതിയകാലത്തിന്റെ സാങ്കേതികത നൽകുന്ന സൗകര്യം മുതലെടുത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നുകൊണ്ട് ഗ്രൂപ് ബ്ളോഗുകളിലൂടെയും ഗൂഗിൾ ഗ്രൂപ്പിലൂടെയും നടത്തിയ ചർച്ചയും ഏകോപനവും മലയാളത്തിന്റെ പുസ്തക ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കണം.

ഈ മാസവും അടുത്തമാസവുമായി അവസാനത്തോടെ 'ഈയെഴുത്ത്' വിതരണം പൂർത്തിയാവും...
ബ്ളോഗ് മീറ്റിൽ വച്ച് പലരും കൊറിയർ ചാർജ്ജ് അടക്കമുള്ള സഹായം മീറ്റ് കോർഡിനേറ്റർ കൊട്ടോട്ടിക്കാരനെ ഏല്പ്പിക്കുകയും അഡ്രസ്സ് കൈമാറുകയും ചെയ്തിട്ടുണ്ട്. അവർക്ക് ഉടനെ കൊറിയർ ആയോ എഡിറ്റോറിയൽ അംഗങ്ങൾ നേരിട്ടോ പുസ്തകം കൈമാറുന്നതാണ്‌. പലരും പലയിടങ്ങളിലായി കമന്റിലൂടെയും മെയിലിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയുമൊക്കെ പുസ്തങ്ങൾ ബുക് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.

പുസ്തകം ആവശ്യമുള്ളവർ, തങ്ങൾക്ക് ആവശ്യമുള്ള കോപ്പി link4magazine@gmail.com
എന്ന അഡ്രസ്സിലേയ്ക്ക് തങ്ങളുടെ പോസ്റ്റൽ വിലാസവും ഫോൺ നമ്പരും അടക്കം മെയിൽ ചെയ്താൽ, വി.പി.പി ആയോ, കൊറിയർ ആയോ, എഡിറ്റോറിയൽ അംഗങ്ങൾ നേരിട്ടോ എത്തിക്കുന്നതായിരിക്കും. ഈ സുവനീര്‍ ഓരോ ബ്ലോഗറും വാങ്ങണമെന്നും അങ്ങനെ ഈ മഹത്തായ സംരഭത്തില്‍ പങ്കാളിയാകണമെന്നും കേരള ബ്ലോഗ് അക്കാദമി അഭ്യര്‍ത്ഥിക്കുന്നു.

ഈ റിപ്പോര്‍ട്ടിന് കടപ്പാട്: http://blogmagazine2011.blogspot.com/

Monday, April 18, 2011

തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് ഗംഭീരം, അവര്‍ണ്ണനീയം

ബ്ലോഗെഴുത്തിന്റെ അനന്ത സാധ്യതകള്‍ ചര്‍ച്ചചെയ്ത് ഭാഷാപിതാവിന്റെ മണ്ണില്‍ ബ്ലോഗര്‍മാരുടെ സംഗമം നടന്നു. പുതുതായി ബ്ലോഗെഴുത്തില്‍ താത്പര്യമുള്ളവര്‍ക്ക് അക്ഷരമുറ്റത്തുനിന്ന് തുടക്കംകുറിക്കാനുള്ള പരിശീലനം നല്‍കിയാണ് സംസ്ഥാനതല കൂട്ടായ്മ സമാപിച്ചത്.

ബ്ലോഗെഴുത്തുകാരുടെ നാലാമത്തെ കൂട്ടായ്മയായിരുന്നു തുഞ്ചന്‍പറമ്പില്‍ നടന്നത്. തൊടുപുഴ, ചെറായി, ഇടപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ആദ്യ മൂന്ന് സംഗമങ്ങളും. വായന മരിക്കുന്നു എന്ന മുറവിളി അവസാനിപ്പിക്കാറായെന്നും ഇന്റര്‍നെറ്റില്‍ വായനയും എഴുത്തും സജീവമായി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കൂട്ടായ്മയുടെ വിവിധ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. ഇന്റര്‍നെറ്റിനെ വികലമായി ഉപയോഗപ്പെടുത്തുന്ന പുതുതലമുറയ്ക്ക് അതേ മാധ്യമം കൊണ്ടുതന്നെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും കൂട്ടായ്മയ്ക്കുണ്ട്.

ബ്ലോഗെഴുത്തുകാരായ സാബു കൊട്ടോട്ടി, ഡോ.രതീഷ്‌കുമാര്‍, നന്ദു എന്നിവരാണ് നാലരമാസത്തെ പരിശ്രമത്തിനൊടുവില്‍ കൂട്ടായ്മ വിളിച്ചുചേര്‍ത്തത്. ഔപചാരികതകള്‍ ഒന്നുമില്ലാതിരുന്ന കൂട്ടായ്മയില്‍ ഉദ്ഘാടനം ഉണ്ടായിരുന്നില്ല. രാവിലെ 10ന് പരിപാടിക്കെത്തിയ 200ഓളം പേര്‍ പരസ്​പരം പരിചയപ്പെടുത്തിയാണ് സംഗമം തുടങ്ങിയത്.

പിന്നീട് മൂന്നുപുസ്തകങ്ങളുടെ പ്രകാശനം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി നിര്‍വഹിച്ചു. ബ്ലോഗെഴുത്തുകാരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച സുവനീര്‍ സാദിഖ് കായംകുളത്തിനും 'കാവാ രേഖ' എന്ന പുസ്തകം ഡോ.ജയന്‍ ഏവൂരിനും 'നീരുറവകള്‍' എന്ന പുസ്തകം ശിവപ്രസാദിനും നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

വിക്കിപീഡിയ എഴുത്തിനെക്കുറിച്ചും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും ഹബീബ് ക്ലാസ്സെടുത്തു. ബ്ലോഗ് ടിപ്‌സുകളെക്കുറിച്ച് വി.കെ.അബ്ദു ക്ലാസ്സെടുത്തു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ബ്ലോഗറുമായ സജീവിന്റെ മാരത്തണ്‍ കാരിക്കേച്ചര്‍ രചനയും മീറ്റിലുടനീളമുണ്ടായിരുന്നു.

മലയാള ബ്ലോഗെഴുത്തുകള്‍ക്കുപുറമെ മലയാളികളായ ഇംഗ്ലീഷ് ബ്ലോഗര്‍മാര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍, ബ്ലോഗെഴുത്തില്‍ താത്പര്യമുള്ളവര്‍ എന്നിവരാണ് സംഗമത്തിനെത്തിയത്.

മീറ്റ് ഫോട്ടോകള്‍



വാര്‍ത്തകള്‍ക്കും സ്ലൈഡിനും ബന്ധപ്പെട്ടവര്‍ക്ക് കടപ്പാട് രേഖപ്പെടുത്തുന്നു.